Kerala
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എ.എൻ. ഷംസീര്‍. ഗവര്‍ണറുടെ നയപ്രഖ്യാപനം 20ന് നടക്കും.
32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്നും സ്പീക്കര്‍പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും ഷംസീര്‍ പറഞ്ഞു.
പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാള്‍ പരാതി നൽകണം. അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല.
രാഹുൽ മാങ്കൂട്ടത്തില്‍ ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ല. സഭയുടെ അന്തസിന് എങ്ങനെയാണ് ഇത് കളങ്കമാകുക? വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലലോ.
സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണം. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാൽ എല്ലാവരെയും മോശമാക്കരുതെന്നും ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും ഷംസീര്‍ പറഞ്ഞു.
Kerala
കണ്ണൂർ: തലശേരി കണ്ടിക്കലിൽ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. വൈകിട്ട് 3.30ഓടെയാണ് തീപിടിത്തമുണ്ടായത്.
വെൽഡിംഗ് ജോലിക്കിടെയുണ്ടായ തീപൊരിയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിലെ വിവിധ ഫയർ ഫോഴ്സ് സ്റ്റേഷനുകളിൽ നിന്നെത്തിയ എട്ട് യൂണിറ്റുകളും വിമാനത്താവളത്തിലെ യൂണിറ്റും ദൗത്യത്തിൽ പങ്കെടുത്തു.
തീപടർന്നതു കണ്ടതോടെ തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തൊട്ടടുത്തുള്ള വർക്ക് ഷോപ്പിലേക്കും തീപടർന്നിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്ഥാപനത്തിൽ നേരത്തെ ശേഖരിച്ചുവച്ച പ്ലാസ്റ്റിക്കാണ് കത്തുന്നത്.
സ്പീക്കർ എ. എൻ. ഷംസീർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാത്രി വൈകിയും ദൗത്യം തുടരും.
Kerala
തിരുവനന്തപുരം: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. കാനത്തിൽ ജമീലയുടെ വേർപാടിലൂടെ കേരളത്തിന് നഷ്ടമായത് ഒരു മികച്ച പൊതുപ്രവർത്തകയെയാണെന്ന് സ്പീക്കർ കുറിച്ചു.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലായിരുന്നു എ.എൻ. ഷംസീറിന്റെ കുറിപ്പ്. സാമൂഹ്യരംഗത്തും ഭരണരംഗത്തും ലാളിത്യവും കാര്യക്ഷമതയും കൊണ്ട് പ്രിയങ്കരിയായിരുന്ന കാനത്തിൽ ജമീല നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും അദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാത്രി 8.40ഓടെയാണ് അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കാനത്തിൽ ജമീല മരിച്ചത്. 59 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
കുറിപ്പിന്റെ പൂർണരൂപം;
കേരള നിയമസഭാംഗവും സി.പി.ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും പൊതുപ്രവർത്തന രംഗത്തെ അതുല്യ വ്യക്തിത്വവുമായ കാനത്തിൽ ജമീലയുടെ അകാല വിയോഗത്തിൽ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനഞ്ചാം കേരള നിയമസഭയിലെത്തിയ അവർ, ജനസേവനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഈ വേർപാട് സംസ്ഥാനത്തിന്, വിശേഷിച്ച് കോഴിക്കോട് ജില്ലയ്ക്ക്, നികത്താനാവാത്ത നഷ്ടമാണ്.
മണ്ഡലത്തിലെ വിഷയങ്ങൾ സഭയിൽ ശക്തമായി ഉന്നയിക്കുകയും, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചർച്ചയിൽ സജീവമായി ഇടപെട്ട് സംസാരിക്കുകയും ചെയ്തിരുന്ന ജമീല, ഇടതുപക്ഷത്തിന്റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നു.
1995-ൽ പൊതുപ്രവർത്തന രംഗത്ത് സജീവമായ അവർ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലാണ് തൻ്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും (2010-2015, 2019-2021) ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദീർഘകാലത്തെ അനുഭവസമ്പത്ത് അവർക്കുണ്ടായിരുന്നു.
സാമൂഹ്യരംഗത്തും ഭരണരംഗത്തും ലാളിത്യവും കാര്യക്ഷമതയും കൊണ്ട് പ്രിയങ്കരിയായിരുന്ന ഈ ശക്തയായ പൊതുപ്രവർത്തക നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.
കാനത്തിൽ ജമീലയുടെ വേർപാടിലൂടെ കേരളത്തിന് നഷ്ടമായത് ഒരു മികച്ച പൊതുപ്രവർത്തകയെയാണ്. അവരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.
ആദരാഞ്ജലികൾ.
Kerala
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചരമം സംബന്ധിച്ച നിയമസഭയുടെ റഫറൻസ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഭാര്യ വസുമതിക്കു കൈമാറി.
തിരുവനന്തപുരത്തെ ലോ കോളജിനു സമീപമുള്ള മകൻ വി.എ.അരുണ്‍കുമാറിന്റെ വീട്ടിൽ നേരിട്ടെത്തിയാണു സ്പീക്കർ ചരമോപചാര റഫറൻസ് കൈമാറിയത്.